കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ചരിത്രപ്രധാനമായ മുസ്ലിം പള്ളിയാണ് മാലിക് ഇബിന്‍ ദീനാര്‍ മസ്ജിദ്. നൂറ്റാണ്ടുകളിലൂടെ കാസര്‍ഗോഡ് പടിഞ്ഞാറേ തീരത്തുള്ള ഒരു പ്രധാന മുസ്ലീം മത കേന്ദ്രം എന്ന ഖ്യാതി നേടിയെടുത്തു.

ചരിത്രം

മാലിക് ദിനാര്‍ മസ്ജിദ് കാസര്‍കോഡ്-
മാലിക് ദിനാര്‍ മസ്ജിദ് കാസര്‍കോഡ് ഹിജ്റ വര്‍ഷം 22 റജബ് 13ന് (എ.ഡി 642) ചരിത്രപ്രസിദ്ധമായ മാലിക് ഇബിന്‍ ദീനാര്‍ വലിയ ജുമാമസ്ജിദ് നിര്‍മിച്ചതെന്ന് മസ്ജിദിന് അകത്ത് കൊത്തിവയ്ക്കപ്പെട്ട നിലയില്‍ കാണുന്നുണ്ട്.രണ്ടാം ഖലീഫയായ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്താണ് മാലിക് ദിനാറും 22 അനുയായികളും ഇസ്ലാമിക പ്രബോധനവുമായി കേരളത്തിലെത്തിയത്. മാലിക് ദിനാര്‍ സംഘത്തില്‍ ശറഫുബ്നുമാലിക്, മാലിക്ബിനു മാലിക് തുടങ്ങിയ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മസ്ജിദിന്റെ 1411ാം വാര്‍ഷികാഘോഷം 2012 ജൂണ്‍ മൂന്നിനായിരുന്നു.

ഇപ്പോഴത്തെ പള്ളി നില്‍ക്കുന്ന സ്ഥലത്ത് മാലിക് ഇബിന്‍ ദീനാര്‍ ഒരു പള്ളി സ്ഥാപിച്ചു എന്നാണ് വിശ്വാസം. ജുമാ മസ്ജിദ് എന്ന് അറിയപ്പെടുന്ന ഈ പള്ളി ജില്ലയിലെ മറ്റു പള്ളികളില്‍ വെച്ച് ഏറ്റവും ആകര്‍ഷകവും ഏറ്റവും നന്നായി പരിപാലിച്ചിട്ടുള്ളതുമായ ഒരു ആരാധനാലയമാണ്. തളങ്കരയിലാണ് ഈ മോസ്‌ക് സ്ഥിതിചെയ്യുന്നത്. മാലിക് ഇബ്ന്‍ ദിനാറിന്റെ തായ്വഴിയിലുള്ള മാലിക് ഇബ്ന്‍ മുഹമ്മദിന്റെ ഖബറിടം ഇവിടെയാണ്. മുസ്ലീം മതവിശ്വാസികള്‍ ഈ പള്ളി പാവനമായി കരുതുന്നു. കാസര്‍ഗോഡുള്ള മറ്റൊരു പ്രധാന പള്ളി കാസര്‍ഗോഡ് പട്ടണത്തിന്റെ മദ്ധ്യത്തിലുള്ള പന്ത്രണ്ടാം പള്ളി ആണ്. എല്ലാ വര്‍ഷവും മാലിക് ഇബ്ന്‍ ദിനാറിന്റെ ഓര്‍മ്മയ്ക്കായി ഉറൂസ് എന്ന ഒരു ഉത്സവം നടക്കുന്നു. ഉറൂസ് കാണാന്‍ ഇന്ത്യയില്‍ എല്ലായിടത്തുനിന്നും ഇവിടേയ്ക്ക് തീര്‍ത്ഥാടകര്‍ എത്തുന്നു.