മദീനയിലേക്ക് ഹിജ്റ വന്ന മുഹമ്മദ്‌ നബി(സ) ഖുബാ പള്ളി സ്ഥാപിച്ച് കുറച്ച് നാള്‍ അവിടെ തങ്ങിയ ശേഷം മദീനയുടെ മധ്യഭാഗത്തേക്ക് ഒരു വെള്ളിയാഴ്ചയാണ് യാത്ര തുടര്‍ന്നത്. ബനൂസാലിമ്ബ്നു ഔഫ്‌ ഗോത്രത്തിന്‍റെ വാസസ്ഥലത്തെത്തിയപ്പോള്‍ ജുമുഅ നമസ്കരിക്കാന്‍ സമയമായി.അവിടെയുള്ള വാദിസുല്‍ബ് എന്ന സ്ഥലത്ത് വെച്ച് നൂറോളം വരുന്ന അനുചരന്മാര്‍ക്കൊപ്പം നബി(സ) ജുമുഅ നിര്‍വഹിച്ചു. പ്രവാചകന്‍ നിര്‍വ്വഹിച്ച ആദ്യത്തെ ജുമുഅയാണിത്. ‘ബനൂസാലിമ്ബ്നു ഔഫ്’ കുടുംബക്കാരുടെ ആ സ്ഥലത്ത് പില്‍ക്കാലത്ത് അവര്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ജുമുഅ. ഖുബാ മസ്ജിദിനും മസ്ജിദുന്നബവിക്കും ഇടയില്‍ റനൂന താഴ്വരയില്‍, ഖുബയില്‍നിന്ന് മദീനയിലേക്ക് വരുമ്പോള്‍ വലതുവശത്ത് കാണുന്ന ബനാത്ത് കോളേജിനടുത്ത് ശര്‍ബത്തലീ ഗാര്‍ഡനിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഖുബായിലേക്ക് പോകുമ്പോള്‍ ഇടതുവശത്തുകാണുന്ന ഈ പള്ളി വളരെ മനോഹരവും ശില്‍പ്പഭംഗി തുളുമ്പുന്നതുമാണ്. മുമ്പുണ്ടായിരുന്ന പള്ളിയുടെ കെട്ടിടം തകര്‍ന്നപ്പോള്‍ സയ്യിദ് ഹസന്‍ ശര്‍ബത്തലി എന്ന ഉദാര മനസ്കനാണ് ഇത് പുനര്‍നിര്‍മിച്ചത്. മസ്ജിദുല്‍ വാദീ, മസ്ജിദു ആതിഖ എന്നപേരിലും ഇതറിയപ്പെടുന്നു.