ഭൂമിയിലെ പ്രഥമ ഭവനമാണ് കഅ്ബ. മലകുകളാണ് അത് നിര്‍മിച്ചത്. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ പൊളിഞ്ഞുപോയ കഅ്ബാലയത്തെ അല്ലാഹുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇബ്രാഹിം നബി(അ)യും മകന് ഇസ്മാഈല്‍ നബി(അ)യുമാണ് പുനര്‍നിര്‍മ്മിച്ചത്. ഒമ്പത് മുഴം ഉയരവും മുപ്പത് മുഴം നീളവും ഇരുപത്തിരണ്ട് മുഴം വീതിയുമാണ് ഇബ്രാഹിംനബി(അ)യുടെ കഅ്ബയുടെ അളവ്. പില്ക്കാലത്ത് പലരും കഅ്ബാലയം പുതുക്കിപ്പണിയുകയുണ്ടായി. ആകെ പത്ത് കൂട്ടര് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.നബി(സ്വ)ക്ക് 25 വയസ്സുള്ളപ്പോഴാണ് ഖുറൈശികള്‍ കഅ്ബ പുതുക്കിപ്പണിതത്. അന്ന് ഹജറുല്‍ അസ്വദ് പ്രതിഷ്ഠിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ബുദ്ധിപരമായ ഒരു ഒത്തുതീര്‍പ്പിലൂടെ നബി(സ്വ) തര്‍ക്കം പരിഹരിക്കുകയുണ്ടായി. നിയോഗമനുസരിച്ച് അവിടുത്തെ കരങ്ങളാല്‍ ഹജറുല്‍ അസ്വദ് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. ശുദ്ധമായ ധനത്തിന്റെ ദൌര്‍ലഭ്യത മൂലം ഇബ്രാഹിം നബി(അ)യുടെ അടിത്തറയില്‍ നിന്ന് അല്‍പ്പം ചുരുക്കിയാണ് ഖുറൈശികള്‍ പണികഴിപ്പിച്ചത്. എങ്കിലും ഉയരം ഒമ്പതു മുഴംകൂടി വര്‍ധിപ്പിച്ചു 18 മുഴമാക്കി. കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് ചുമരുകള്‍ക്ക് 25 മുഴം നീളമുണ്ട്. വടക്ക് 21 ഉം തെക്ക് 20 ഉം മുഴമാണ് വലിപ്പം. പിന്നീട് പുതുക്കിപ്പണിത സ്വഹാബി പ്രമുഖന് അബ്ദുല്ലാഹിബ്നു സുബൈര്‍(റ) ഇബ്രാഹിം നബി(അ)യുടെ അടിത്തറയുടെ വലിപ്പത്തില്‍ പണിതെങ്കിലും പിന്നീട് ഹജ്ജാജ്ബിന്‍ യൂസുഫ് അത് പൊളിച്ചുമാറ്റി ഖുറൈശികള്‍ പണിതതു പോലെത്തന്നെ വീണ്ടും ചുരുക്കിപ്പണിയുകയാണുണ്ടായത്. ഉയരം 27 മുഴമായി സ്ഥിരപ്പെടുത്തുകയും ചെയ്തു. പില്ക്കാലത്ത് പ്രധാനപ്പെട്ട മാറ്റങ്ങളൊന്നും നടക്കാതെ ഹജ്ജാജ് ബിന്‍ യൂസുഫിന്റെ നിര്‍മാണം ഇന്നും നിലനില്ക്കുന്നു.
കിഴക്കേ ഭിത്തിയില്‍ ഹജറുല്‍ അസ്വദിനടുത്തായി ഏകദേശം രണ്ടുമീറ്റര്‍ ഉയരത്തില്‍ നിന്ന് മേല്പ്പോട്ട് വാതില്‍ സ്ഥിതിചെയ്യുന്നു. ഖാലിദ് രാജാവിന്റെ ഭരണകാലത്ത് അതിന് സ്വര്‍ണം പൂശുകയുണ്ടായി. ദുല്‍ഹജ്ജ് മാസാരംഭത്തില്‍ കഅ്ബാലയം തുറന്ന് അകം പനിനീരും സംസം വെള്ളവുമുപയോഗിച്ച് കഴുകി വരുന്നു. കറുത്ത കമനീയമായ കില്ലകൊണ്ട് കഅ്ബാലയത്തെ പുതച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും പഴയത് മാറ്റി പുതിയ കില്ല അണിയിപ്പിക്കുന്നു. കില്ല നിര്‍മാണത്തിന് മാത്രമായി ഒരുകമ്പനി സഊദിയില്‍ പ്രവര്‍ത്തിക്കുന്നു.
പ്രധാനപ്പെട്ടപല ദൃഷ്ടാന്തങ്ങളും നിലകൊള്ളുന്നത് കഅ്ബയുടെ കിഴക്കുഭാഗത്താണ്. വാതില്‍, മുല്‍തസം, മഖാമു ഇബ്രാഹിം, സംസം കിണര്‍ ഇവയെല്ലാം ഈ ഭാഗത്തുള്ളതിനാല്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കിഴക്കാണ്. കഅ്ബയുടെ തെക്കുകിഴക്ക് മൂലയിലായി ഹജറുല്‍ അസ്വദ് സ്ഥിതി ചെയ്യുന്നത് കാരണം റുകുനുല്‍ അസ്വദ് എന്ന് ഈ മൂലക്ക് പേര് പറയുന്നു. വടക്ക് കിഴക്ക് മൂലക്ക് റുകുനുല്‍ ഇറാഖി എന്നും വടക്ക് പടിഞ്ഞാറ് മൂലക്ക് റുകുനുശ്ശാമി എന്നും തെക്ക് പടിഞ്ഞാറ് മൂലക്ക് റുകുനില്‍ യമാനി എന്നും പറയപ്പെടുന്നു. റുകുനില്‍ അസ്വദ് മുതല്‍ വാതില്‍ വരെയുള്ള സ്ഥലത്തിനാണ് മുല്‍തസം എന്ന് പറയുന്നത്. ഇത് ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ്.