കേരളത്തിലെ മുസ്ലിം പള്ളികളില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഒരു പള്ളിയാണ് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി.. ഒരു കാലത്ത് മലബാറിലെ ‘ചെറിയ മക്ക’ എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ ജുമുഅത്ത് പള്ളി സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്. അക്കാലത്ത് പൊന്നാനിയില്‍ വിജ്ഞാനം തേടിയെത്തുന്നവരുടെ ആസ്ഥാനവും ഈ പള്ളിയായിരുന്നു.

ക്രിസ്തുവര്‍ഷം 1510 (ഹിജ്‌റ 925-ല്‍) ശൈഖ് സൈനുദ്ദീന്‍ നിര്‍മ്മിച്ചതാണ് പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്‍ തന്റെ മലബാര്‍ മാനുവല്‍ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ 925ന് തുല്യമായ ക്രിസ്തുവര്‍ഷം 1519 ആയതിനാല്‍ ആ വര്‍ഷത്തിലാണ് നിര്‍മ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിര്‍മ്മാതാവായ വലിയ സൈനുദ്ദീന്‍ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീന്‍ ഇബ്നുഅലി ഇബ്നുഅഹ്മദ് മഅബരി ക്രിസ്തുവര്‍ഷം 1522 ജൂലൈയില്‍ മരണപ്പെട്ടതിനാല്‍ അതിനു മുമ്പ് പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉള്‍ഭാഗം.

വിദ്യാഭ്യാസ കേന്ദ്രം
പള്ളിയുടെ നിര്‍മ്മാണശേഷം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്നെ പള്ളിയില്‍ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദര്‍സ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു.

വിളക്കത്തിരിക്കല്‍

പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ അകത്ത് സ്ഥാപിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള എണ്ണ വിളക്ക്
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമില്‍ നിന്ന് മുസ്ല്യാര്‍ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് ‘വിളക്കത്തിരിക്കല്‍’ എന്നു പേരായി. 1887 ല്‍ നാനൂറോളം പേര്‍ മറുനാടുകളില്‍ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയില്‍ പഠനം നടത്തിയിരുന്നതായി ലോഗന്‍ മലാബാര്‍ മാന്വലില്‍ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാര്‍ സ്വദേശിയും ഫലിതശിരോമണിയും ‘നൂല്‍മുഹമ്മദ്’,’കപ്പപ്പാട്ട്’ എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായന്‍ മുസ്ല്യാര്‍,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമര്‍ഖാസി, തുടങ്ങിയവര്‍ ഈ പള്ളിയുമായി ഉറ്റബന്ധം പുലര്‍ത്തിയവരില്‍ പ്രമുഖരാണ്. മമ്പുറം തങ്ങള്‍ പള്ളിയിലെ ഒരു സന്ദര്‍ശകനായിരുന്നു.