പാലക്കാട് ടൗണിൽ നിന്നും ഏതാണ്ട് 20 കി,മി. അകലെ മാത്തൂർ പഞ്ചായത്തിൽ കണ്ണനൂർ – ചുങ്കമന്ദം റോഡിലാണ് ജില്ലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തെരുവത്ത് പള്ളി സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയെത്തിയ സൂഫിവര്യനായ ശൈഖ് മുഹമ്മദ് (റ) എന്നവരുടെ അന്ത്യവിശ്രമ സ്ഥലമാണിത് .
മതമൈത്രിയുടെ ഉത്തമ ഉദാഹരണമാണ് തെരുവത്ത് പള്ളി നേർച്ച. തങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനും ഉദ്ദേശിച്ച കാര്യം നടക്കുന്നതിനുമായി നാന ജാതി മത വിശ്വാസികളും തെരുവത്ത് പള്ളിയിലിലേക്ക് നേർച്ച നൽകാമെന്ന് തീരുമാനിക്കുന്നു. എല്ലാ വർഷവും മകരമാസത്തിലെ പൗർണ്ണമി നാളിലാണ് മൂന്നുദിവസം നീണ്ടു നിൽക്കുന്ന നേർച്ച ആഘോഷിക്കുന്നത്.

കാർഷിക സംസ്കൃതിയിലധിഷ്ഠിതമായ അതിൻറെ പ്രത്യേകത കൊണ്ടാണ് തെരുവത്ത് പള്ളി നേർച്ച മറ്റ് നേർച്ചകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. കാണിക്കയായി ആളുകൾ കൊണ്ടു വരുന്ന അപ്പ പെട്ടികളോടൊപ്പം തങ്ങളുടെ കൃഷിയിടത്തിൽ നിന്നു ലഭിക്കുന്ന ആദ്യത്തെ വിളവെടുപ്പും കൊണ്ടാണ്. നേർച്ച നാളിൽ ഇവ തങ്ങൾക്കു സമർപ്പിക്കാൻ ഭക്തരുടെ നീണ്ട നിര തന്നെ കാണാം. നെല്ല് , നാളികേരം ,അടയ്ക്ക…തുടങ്ങിയവയാണ് കാർഷിക വിളയിൽ ഏറിയതും. പള്ളിയിലെത്തുന്ന വിഭവങ്ങളധികവും സാധാരണക്കാരൻ കാണിക്കയായി നൽകുന്നതാണ്. തലച്ചുമടിലും ആളുകൾ നേർച്ച കൊണ്ടു വരാറുണ്ട്. പണ്ടു കാലത്തും, അപൂർവ്വമായി ഇപ്പോഴും തെരുവത്ത് പള്ളിയിലേക്ക് നേ‍ർച്ച നൽകുന്നതിനായി വീടുകൾ തോറും നെല്ലും മറ്റ് വിഭവങ്ങളും ശേഖരിക്കുന്നവരുമുണ്ട്.

പള്ളിയിൽ നിന്ന് ലഭിക്കുന്ന പ്രസാദത്തിൽ പ്രധാമായും “പൂമണ്ണ്” ആണ്. പ്രത്യേക പ്രാർത്ഥന നടത്തി ലഭിക്കുന്ന ഈ “പൂമണ്ണ്” തങ്ങളുടെ കൃഷിയിടത്തിലും മറ്റും വിതറി ആദര പൂർവ്വം മികച്ച വിളവിനായി ആളുകൾ ഉപയോഗിക്കുന്നു.

മൃഗങ്ങളുടെ ക്ഷേമത്തിനായും ദൂരദിക്കുകളിൽ നിന്നും ആളുകൾ പള്ളിയിലേക്ക് വരുന്നതും സാധാരണമാണ്. പാലക്കാടിൻറെ അതിർത്തി പ്രദേശമായ തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ ആളുകൾ എത്തിച്ചേരാറുള്ളത് പ്രത്യേകിച്ചും കൊങ്ങുവണ്ടികൾ നേർച്ച സമയത്ത് ധാരാളം കാണാം. കൊങ്ങു വണ്ടികൾ എന്നാൽ തമിഴരുടെ സവാരി വണ്ടികളാണ്. കാളകളെ ഉപയോഗിച്ചുള്ള യാത്രാ വണ്ടികളാണവ. നേ‍ർച്ച നാളിൽ അവരുടെ കാളകളെ പ്രദക്ഷിണം നടത്തി തിരിച്ച് കൊണ്ടു പോകുന്നത് അവരുടെ നേർച്ചയുടെ ഭാഗമാണ്